Romans 14

അശക്തരും ശക്തരും

1തർക്കവിഷയങ്ങളെക്കുറിച്ചു ശണ്ഠയിടാതെ വിശ്വാസത്തിൽ ബലഹീനരായവരെ അംഗീകരിക്കുക. 2എല്ലാം ഭക്ഷിക്കാമെന്ന് ഒരാൾ വിശ്വസിക്കുന്നു, എന്നാൽ ബലഹീനരായിരിക്കുന്ന വ്യക്തിയോ സസ്യാഹാരംമാത്രം ഭക്ഷിക്കുന്നു. 3എല്ലാം ഭക്ഷിക്കാം എന്നു കരുതുന്നയാൾ ഭക്ഷിക്കാത്തയാളെ പുച്ഛിക്കരുത്; ഭക്ഷിക്കാത്തയാൾ ഭക്ഷിക്കുന്നയാളെ കുറ്റപ്പെടുത്താനും പാടില്ല. കാരണം, അയാളും ദൈവത്തിനു സ്വീകാര്യനാണ്. 4മറ്റൊരാളുടെ ദാസനെ വിമർശിക്കാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? അയാൾ നിന്നാലും വീണാലും അവന്റെ സ്വന്തം യജമാനനുതന്നെ. അയാളെ ഉറപ്പിച്ചുനിർത്താൻ ശക്തനായ കർത്താവ് അയാളെ ഉറപ്പിച്ചുനിർത്തുകതന്നെ ചെയ്യും.

5ഒരാൾ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ ശ്രേഷ്ഠമായി കരുതുന്നു; മറ്റൊരാളാകട്ടെ, എല്ലാ ദിവസത്തെയും ഒരുപോലെ ശ്രേഷ്ഠമായി പരിഗണിക്കുന്നു. ഓരോരുത്തരും ചെയ്യുന്നത് അവരവരുടെ ഉത്തമബോധ്യമനുസരിച്ച് ആയിരിക്കണം. 6ഒരു ദിവസത്തെ മറ്റു ദിവസങ്ങളെക്കാൾ മാനിക്കുന്നയാൾ കർത്താവിനുവേണ്ടി അതു ചെയ്യുന്നു; മാംസാഹാരിയും ഭക്ഷിക്കുന്നത് കർത്താവിനുവേണ്ടി. കാരണം, ദൈവത്തിനു നന്ദി അർപ്പിച്ചിട്ടാണല്ലോ അവർ ഭക്ഷിക്കുന്നത്. അതുപോലെ, മാംസം ഭക്ഷിക്കാത്തവരും കർത്താവിനുവേണ്ടി ഭക്ഷിക്കാതിരിക്കുന്നു. അവരും ദൈവത്തിനു സ്തോത്രംചെയ്യുന്നു. 7നമ്മിൽ ആരും നമുക്കായി ജീവിക്കുന്നില്ല; നമുക്കായിത്തന്നെ മരിക്കുന്നതുമില്ല. 8നാം ജീവിക്കുന്നു എങ്കിൽ കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നെങ്കിലോ കർത്താവിനായി മരിക്കുന്നു. അതുകൊണ്ട്, ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്. 9ഇങ്ങനെ, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കർത്താവായിരിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു മരിക്കുകയും ഉയിർക്കുകയുംചെയ്തത്.

10പിന്നെന്തിനാണ് നീ സഹവിശ്വാസിയെ ന്യായം വിധിക്കുന്നത്? സഹവിശ്വാസിയെ നിന്ദിക്കുന്നതും എന്തിന്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കേണ്ടവരാണെന്ന് ഓർക്കുക.

11“കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു,
എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും;
എല്ലാ നാവും ദൈവത്തെ സ്തുതിച്ച് ഏറ്റുപറയും’ ” a എന്നു തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ.
12അതേ, നാം വ്യക്തിപരമായി ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരാണ്.

13അതുകൊണ്ട് നാം ഇനിമേൽ പരസ്പരം ന്യായംവിധിക്കാതിരിക്കാം. പകരം, സഹോദരങ്ങൾക്ക് വിശ്വാസത്തിൽ ഇടർച്ചയ്ക്കു കാരണമാകുന്ന തടസ്സമോ അവർ പാപത്തിൽ വീഴുന്നതിനു കാരണമായിത്തീരുന്ന കെണിയോ വെക്കുകയില്ല എന്നു തീരുമാനിക്കാം. 14കർത്താവായ യേശുവിൽ എനിക്കു ലഭിച്ച അധികാരത്താൽ ഒരു കാര്യം ഞാൻ അറിഞ്ഞും അതേക്കുറിച്ചു ദൃഢനിശ്ചയമുള്ളവനായുമിരിക്കുന്നു: ഒരു ഭക്ഷണവും സ്വതവേ അശുദ്ധമല്ല; എന്നാൽ, ഏതെങ്കിലും ഒരു ഭക്ഷണപദാർഥം അശുദ്ധമാണെന്ന് ഒരാൾ വിചാരിക്കുന്നു എങ്കിൽ അത് അയാൾക്ക് അശുദ്ധംതന്നെയാണ്. 15നിന്റെ ഭക്ഷണംമൂലം സഹോദരങ്ങൾക്കു വ്യസനം ഉണ്ടാക്കുന്നു എങ്കിൽ നിങ്ങൾ സ്നേഹത്തിൽ ജീവിക്കുന്നില്ല. ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ ആ ആൾക്കു നിന്റെ ഭക്ഷണം നാശകരമാകരുത്. 16ഇങ്ങനെചയ്താൽ നീ നന്മയെന്നു പരിഗണിക്കുന്നവ മറ്റുള്ളവരുടെ ദൃഷ്ടിയിൽ തിന്മയായിത്തീരുകയില്ല. 17ദൈവരാജ്യം അനുഭവിക്കാൻ കഴിയുന്നത് ഭക്ഷണപാനീയങ്ങളിലൂടെയല്ല; മറിച്ച്, നീതിയിലൂടെയും സമാധാനത്തിലൂടെയും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തിലൂടെയുമാണ്. 18മേൽപ്പറഞ്ഞപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നയാൾ ദൈവപ്രസാദവും മനുഷ്യസ്വീകാര്യതയും ഉള്ളയാൾ ആയിരിക്കും.

19അതുകൊണ്ട് സമാധാനത്തിനും പരസ്പര ആത്മികാഭിവൃദ്ധിക്കും ഉതകുന്ന കാര്യങ്ങൾക്കായി നമുക്ക് പ്രയത്നിക്കാം. 20ഭക്ഷണം ദൈവത്തിന്റെ പ്രവൃത്തിയെ ശിഥിലമാക്കാൻ കാരണമാകരുത്. എല്ലാം ശുദ്ധമാണ്, എന്നാൽ ഒരു വസ്തു ഭക്ഷിക്കുന്നതിലൂടെ സഹവിശ്വാസി പാപത്തിലേക്കു നയിക്കപ്പെടുന്നു എങ്കിൽ ആ ഭക്ഷണം അശുദ്ധമാണ്. 21മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹവിശ്വാസിയെ പാപത്തിലേക്കു നയിക്കുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതാണ് നല്ലത്.

22ഈ വിഷയത്തെക്കുറിച്ചുള്ള നിന്റെ വിശ്വാസം നീയും ദൈവവുമായുള്ള ഒരു കാര്യമായി ചിന്തിക്കുക. ഒരാൾ ശരിയെന്ന് അംഗീകരിച്ചു പ്രവർത്തിക്കുന്നത് അയാൾക്കു കുറ്റബോധം ഉണ്ടാക്കുന്നില്ല എങ്കിൽ ആ വ്യക്തി അനുഗ്രഹിക്കപ്പെട്ടവൻ. 23എന്നാൽ, സന്ദേഹത്തോടെ ഭക്ഷിക്കുന്നയാൾ അത് ഉത്തമവിശ്വാസത്തോടുകൂടിയല്ല ചെയ്യുന്നത് എന്നതുകൊണ്ട് കുറ്റക്കാരനാണ്. ശരിയാണെന്ന ഉത്തമവിശ്വാസത്തിൽനിന്ന് ഉത്ഭവിക്കാത്തതെല്ലാം പാപമാണ്.

Copyright information for MalMCV